ചരിത്രത്തിൽ നിന്നോരു ദലിത് നായിക:
ലോവീന അൽഫോൺസയുടെ കഥ

Dalit History Month
4 min readJan 22, 2021

This post was first written in Tamil by the author N. Sarawanan. It was then edited and translated to English by Saivi and Priya N. It has now been translated to Malayalam from its English version by M.Gautham.

സൂചനാചിത്രം: 19-ാം നൂറ്റാണ്ടിലെ ബ്രീട്ടീഷ് കോളോണിയൽ ഫോട്ടോഗ്രഫി — ഒരു റോദിയ പെൺകുട്ടി.

ശ്രീലങ്കയിൽ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് എൻ. ശരവണൻ തയ്യാറാക്കിയ ഈ കുറിപ്പ് അദ്ദേഹത്തിൻ്റെ തന്നെ ഗവേഷണത്തെയും എഴുത്തിനേയും ആസ്പദമാക്കിയിട്ടുള്ളതാണ്. ഇതിന് ആധാരമായിട്ടുള്ള തമിഴ് കുറിപ്പ് Namathu Malayagam-ൽ വായിക്കാവുന്നതാണ്. അദ്ദേഹത്തിൻ്റെ പരിശ്രമങ്ങളും സന്നദ്ധതയും ഇല്ലാതെ ഈ കുറിപ്പ് സാദ്ധ്യമാവുകയില്ലായിരുന്നു. തമിഴ് ദളിത് എഴുത്തുകാരിയും, സാമ്പത്തിക വിദഗ്ദയും, ഒരു അമ്മയുമായ സൈവിയാണ് ഇത് ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്തിരിക്കുന്നത്. ചിട്ടപ്പെടുത്തിയത് മാരി സി. മൈത്രേയിയാണ്.

ലോവിന എന്ന ദലിത് സ്ത്രീ, ശ്രീലങ്കയിലെ കോളനിവൽക്കരണവുമായുള്ള നിരന്തരമായ ഇടപെടലുകളിലൂടെ തൻ്റെ സമുദായത്തിൻ്റെ അഭിവൃദ്ധി ഉറപ്പു വരുത്തിയതെങ്ങിനെയന്നാണ് ഇന്ന് Dalit History Month-ൽ ചർച്ച ചെയ്യുന്നത്.

സിംഗളർക്കിടയിൽ ഏറ്റവും അധികം അടിച്ചമർത്തപ്പെട്ട ഒരു സമുദായമാണ് “റോദി”. ചരിത്രപരമായി ഇവർ ഗോത്ര മത വിശ്വാസികളും, മന്ത്രവാദം, ആചാരപ്രകാരമാക്കപ്പെട്ട യാചകവൃത്തി എന്നിവ അനുഷ്ഠിക്കുന്നവരുമായിരുന്നു. തോട്ടുകൂടായ്മക്ക് വിധേയരായിരുന്ന റോദികൾക്ക് അക്രമോത്സുകമായ അടിച്ചമർത്തലുകൾ നേരിടേണ്ടി വന്നിരുന്നു.

റോദിയ സമുദായത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കും മാറു മറക്കാനും കാൽമുട്ടിന് കീഴേക്ക് വസ്ത്രം ധരിക്കാനും അവകാശം ഉണ്ടായിരുന്നില്ല. ഒരു കാലത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും ജനനേന്ദ്രിയങ്ങൾ മറക്കാനുള്ള അവകാശം മാത്രമാണുണ്ടായിരുന്നത്. ആരോഗ്യസംബദ്ധമായ കാരണങ്ങൾകൊണ്ടോ തണുപ്പ് മൂലമോ എങ്ങാനും ഇവർ ശരീരം മറച്ചിരിക്കുന്നത് “ഉയർന്ന” ജാതിയിൽപ്പെട്ടവർ കാണാനിടയായാൽ “മാപ്പാക്കണം തമ്പ്രാൻ, വല്ലാതെ തണുത്തിട്ടാണ്” എന്നു പറഞ്ഞ് മാപ്പ് അപേക്ഷിക്കേണ്ടിയിരുന്നു. ഇതേ തുടർന്ന് ശരീരം മറക്കാൻ ഇവരെ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരവും “ഉയർന്ന” ജാതിക്കാർക്കുണ്ടായിരുന്നു.

റോദിയകളെ അപമാനകരമായി ചിത്രീകരിക്കുന്ന ഒരുപാട് എഴുത്തുകളും ഇന്ന് ലഭ്യമാണ്. സിംഗളയിലെ വിവിധ എഴുത്തുകളിൽ ദലിതരെ ചണ്ഡാളർ എന്നാണ് പരാമർശിക്കുന്നത്. ഹ്യൂ നെവില്ലിൻ്റെ ദി തപ്രോബാനിയൻ(The Taprobanian) എന്ന കൃതിയിൽ അദ്ദേഹം റോദി വിഭാഗം താമസിച്ചിരുന്ന പ്രദേശത്തെ ചാണ്ഡാളച്ചേരി (the Sandalas ghetto) എന്നാണ് പരാമർശിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ മറ്റോരു ഉപനിവേശവക്താവായിരുന്ന ജോൺ ഡോയിൽ, സ്വതന്ത്രമായി വീട് പണിയാനോ സ്വന്തമാക്കാനോ അവകാശമില്ലാത്ത, റോദി ചേരികളിൽ താമസിക്കുന്നവരായാണ് ഇവരെ ചിത്രീകരിച്ചിരിക്കുന്നത്. താൽക്കാലിക കുടിലുകളിൽ താമസിച്ചിരുന്ന ഇവർക്ക് വാതിലുകളോ ജനലുകളോ വെക്കാനുള്ള അധികാരവും ഉണ്ടായിരുന്നില്ലെന്ന് ജോൺ ഡോയിൽ പറയുന്നു. പ്രധാനപ്പെട്ട ഗ്രാമങ്ങളിലേക്ക് കടക്കാനോ റോദിയകളല്ലാത്തവരുമായി സ്വതന്ത്രമായി ഇടപഴകാനോ റോദിയകൾക്ക് അനുവാദം ഉണ്ടായിരുന്നില്ല.

ഇതായിരുന്നു ലൊവീനയുടെ സമുദായവും അവർ ജീവിച്ചിരുന്ന ചുറ്റുപാടുകളും.

ലോവീനയുടെ കഥ നമ്മൾ അറിയുന്നത് സർ തോമസ് മെയ്റ്റ്ലാൻ്റ് എന്ന 47-കാരനായ ഇംഗ്ലീഷ് ഗവർണറിലൂടെയാണ്. 1806-ൽ ശ്രീലങ്കയിൽ നിയമിതനായപ്പോൾ ഒരു കൊളോണിയൽ ബംഗ്ലാവിലായിരുന്നു അദ്ദേഹത്തിന് താമസം ഒരുക്കിയിരുന്നത്. ഇദ്ദേഹത്തെ “മര്യാദാപൂർവ്വം” സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മറ്റീസോ നർത്തകർ ഇദ്ദേഹത്തിൻ്റെ ബംഗ്ഗാവ് ഇടക്കിടെ സന്ദർശിച്ചിരുന്നു. 16 വയസുകാരിയായ ലോവീനയും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ലോവീന ഉൾപ്പെടെ ആ പ്രദേശത്തെ ഒട്ടേറെ റോദിയകൾ ഇംഗ്ലീഷുകാർക്കു മുമ്പേ അവിടം ഭരിച്ചിരുന്ന പോർച്ചുഗീസ് പൈതൃകം ഭാഗികമായി പേറുന്നവരായിരുന്നു.

47-കാരനായ ഈ ഇംഗ്ലീഷ് അധിനിവേശനിവാസി 16-കാരിയായ ലോവീനയെ കണ്ടയുടനെ “അഗാധമായ പ്രണയത്തിലായി” എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അദ്ദേഹം അവരുമായി ഒരു ബന്ധത്തിൽ ഏർപ്പെടുന്നതിന് താൽപ്പര്യം പ്രകടിപ്പിക്കുകയും ലോവീന അത് “സ്വീകരിക്കുക”യുമായിരുന്നു. ഉടൻ തന്നെ അദ്ദേഹം ലോവീനയുടെ പേര് അദ്ദേഹത്തിൻ്റെ ഇഷ്ടപ്രകാരം ലാവീനീയ(Lavinia) എന്നാക്കി മാറ്റി.

ഒരു ഇംഗ്ലീഷ് ഗവർണർ തോട്ടൂകൂടായ്മക്ക് വിധേയായ ഒരു പെൺകുട്ടിയുയമായി പ്രണയത്തിലായെന്ന വാർത്തക്ക് ബ്രിട്ടീഷ് അധിനിവേശ പ്രമാണിമാർക്കിടയിൽ വൻ പ്രചാരം ലഭിച്ചു. വിവരം രാജാവായ ജോർജ്ജിൻ്റെ കാതിലുമെത്തി. മറുപടിയായി ബന്ധം തുടർന്നാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഓർമിപ്പിച്ചുകോണ്ട് രാജാവ് അദ്ദേഹത്തിന് സന്ദേശമയച്ചു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തന്നെ കാണാൻ വരരുതെന്ന് ലോവീനയോട് നിർദ്ദേശിച്ച മെയ്റ്റ്ലാൻ്റ് തൻ്റെ ബംഗ്ലാവിൽ നിന്ന് തുടങ്ങി ചേരിയിലെ ലോവീനയുടെ വീട്ടിലേക്ക് ഒരു തുരങ്കം നിർമ്മിക്കാൻ തുടങ്ങി.

ആറു മാസം കൊണ്ട് തുരങ്കത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി മെയ്റ്റ്ലാൻ്റും ലോവീനയും വീണ്ടും അതിലൂടെ കണ്ടുമുട്ടാൻ തുടങ്ങി. അവരല്ലാതെ മറ്റാരും ആ തുരങ്കം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി പ്രത്യേകം വിളികളും ശബ്ദദങ്ങളും ലോവീനയെ പഠിപ്പിച്ചു.

പക്ഷെ ലോവീനയുടെ കഥയുടെ കാതൽ അവർ മെയ്റ്റ്ലാൻ്റിനോട് ഉന്നയിച്ച ആവശ്യങ്ങളാണ്. മെയ്റ്റ്ലാൻ്റിനു വഴങ്ങിക്കോടുക്കാതിരിക്കാൻ അവർക്കാകുമായിരുന്നില്ലെങ്കിലും അയാളോട് ചില പ്രത്യേക അഭ്യർത്ഥനകൾ അവർ നടത്തി. റോദിയകൾ ജീവിച്ചു വന്നിരുന്ന സാമൂഹിക ചുറ്റുപാടുകൾക്ക് വരുത്തേണ്ട മാറ്റങ്ങൾക്ക് മുൻകൈ എടുക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തുണിയുടുക്കാനോ വാതിലുകളും ജനലുകളുമുള്ള വീടുകളിൽ ജീവിക്കാനോ അവകാശം ഇല്ലാത്തത് തീവ്രമായ അന്യായവും മനുഷ്യത്വരാഹിത്യവുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. തൻ്റെ മനുഷ്യത്വവും അധികാരവും ഉപയോഗിച്ച് ഇത്തരം അടിച്ചമർത്തലുകൾ അവസാനിപ്പിക്കാൻ ലോവീന അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.

ലോവീനയുടെ ചിന്തകളാലും വാക്കുകളാലും പ്രേരിതനായ മെറ്റ്ലാൻ്റ് റോദിയ സമുദായത്തിന് ചേരികളിൽ നിന്ന് ഉടൻ സ്വാതന്ത്ര്യം നൽകാൻ ഉത്തരവിട്ടു. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനും ജനലുകളും വാതിലുകളുമുള്ള ഉചിതമായ വീടുകൾ നിർമ്മിക്കാനുമുള്ള അധികാരം എഴുതി നൽകുകയും ചെയ്തു.

എന്നാൽ, മെറ്റ്ലാൻ്റിനെ ഗവർണർ പദവിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ജോർജ്ജ് രാജാവിൻ്റെ ഉത്തരവ് 1811-ൽ അദ്ദേഹത്തെ തേടിയെത്തി. ശ്രീലങ്ക ഉപേക്ഷിച്ചു പോകാൻ രണ്ട് ആഴ്ചത്തെ സമയം മാത്രമാണ് അദ്ദേഹത്തിന് നൽകിയത്. തങ്ങളുടെ കോളനിയിലെ ഒരു വെറും പ്രജ എന്നുമാത്രമല്ല, അധസ്ഥിതരിൽ അധസ്ഥിത കൂടിയായ ഒരു തദ്ദേശവാസിയുമായി ഒരു വെളുത്ത ബ്രിട്ടീഷുകാരൻ നിയമവിരുദ്ധമായ ബന്ധത്തിലേർപ്പെടുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ബംഗ്ലാവിൽ നിന്നും പട്ടണത്തിൽ ചിലയിടങ്ങളിൽ നിന്നും പല രഹസ്യ മുന്നറിയിപ്പുകളും വന്നുവെന്നും അതാണ് മെറ്റിലാൻ്റിനെതിരായ നടപടിക്കു കാരണമായതെന്നും കരുതപ്പെടുന്നു.

തിരിച്ചുവരുമെന്ന് ലോവീനക്ക് ഉറപ്പു നൽകിയ മെറ്റ്ലാൻ്റ് യാത്രയായപ്പോൾ തീവ്രദുഃഖിതനായി കാണപ്പെട്ടു. “അടുത്തതായി വരുന്ന ഗവർണർ ഈ ബംഗ്ലാവ് തൻ്റെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, ഈ ബംഗ്ലാവിന് “മൌണ്ട് ലാവീനിയ” എന്നു പേരിടണം എന്ന് വിട പറയുന്നതിനു മുമ്പ് ഞാൻ നിർദ്ദേശിക്കുന്നു. എൻ്റെ ഈ ആഗ്രഹം പൂർത്തീകരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് മെറ്റ്ലാൻ്റ് പറഞ്ഞതായും കാണുന്നു.

ഇതിനു ശേഷം യാതോരു പരാമർശങ്ങളും ലോവീനയപ്പറ്റി ഇല്ലാത്തിനാൽ അവർക്ക് പിന്നീട് എന്തു സംഭവിച്ചു എന്നറിയാൻ ഒരു വഴിയുമില്ല.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ബംഗ്ലാവ് ഒരു സൈനിക ആശുപത്രിയായി ഉപയോഗിച്ചിരുന്നു. ഇന്ന് “മൌണ്ട് ലാവീനിയ” ഉന്നത നിലവാരമുള്ള ഒരു ഹോട്ടലാണ്. മെറ്റ്ലാൻ്റ് ഉപേക്ഷിച്ചു പോയതിനു ശേഷം അടച്ചിട്ടിരുന്ന തുരങ്കം ഇപ്പോൾ ഗാൽകിസ്സ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

എഴുത്തുകാരൻ എൻ. ശരവണൻ ഗാൽകിസ്സയിലെ തുരങ്കം സന്ദർശിക്കുന്നു, നമതു മലയഗം

റോദി ചേരി നിന്നിരുന്നിടത്ത് ഇന്ന് ഉള്ളത് ഗാൽകിസ്സ ബുദ്ധമത ബാലിക വിദ്ധ്യാലയമാണ്. ഇവിടെ താമസിച്ചിരുന്ന റോദിയകൾ എങ്ങിനെ, എന്തുകൊണ്ട്, എവിടേക്ക് പോയെന്ന് വ്യക്തമല്ല.

അധികമാർക്കും ലോവീനയെക്കുറിച്ച് നല്ലതൊന്നും പറയാനില്ല. നാനാവിധം പുരുഷാധിപത്യ അളവുകോലുകളാൽ വിധിക്കപ്പെടുന്ന അവർ ഒരു വെള്ളക്കാരൻ അധിനിവേശകൻ്റെ അവിഹിത പ്രണയം മാത്രമായി അറിയപ്പെടുന്നു. സിംഗള ഭാഷയിൽ അവരെപ്പറ്റിയുള്ള സിനിമകളും നോവലുകളും ലൈംഗീകചുവയുള്ള താണതരം കെട്ടുകഥളായി ഒതുങ്ങുന്നു.

ഇതിലെല്ലാം ഉപരി ഏറ്റവും പ്രധാനം ഒരു അധസ്ഥിത സമൂഹത്തിൽ നിന്നു വന്ന ഒരു കൊച്ചു പെൺകുട്ടിക്ക് തൻ്റെ സമുദായത്തിനുവേണ്ടി വലിയ മാറ്റങ്ങൾക്കായി ഇടപെടനായി എന്നുള്ളതാണ്.

ലോവീനയുടെ ഇളം പ്രായവും ലോവീനക്കും മെറ്റിലാൻ്റിനും ഇടയിലെ അധികാര അസമത്വവും കണക്കിലെടുക്കുമ്പോൾ ലോവീന ഒരു ബന്ധത്തിന് പൂർണമായും സമ്മതിച്ചിരുന്നോ എന്നറിയാൻ നമുക്ക് ഒരിക്കലും കഴിയില്ല. എന്നാൽ നമുക്കറിയാവുന്ന ഒരു കാര്യം പണവും സ്വകാര്യ ഭൌതിക സൗകര്യങ്ങളും അധികാരവും ആവശ്യപ്പെടാമായിരുന്ന ഒരു സാഹചര്യത്തിൽ ലോവീന പ്രാധാന്യം കൊടുത്തത് തൻ്റെ സമുദായത്തിൻ്റെ തുണിയുടുക്കാനും താമസയോഗ്യമായ വാസസ്ഥലത്തിനുമുള്ള അധികാരത്തിനും, സർവ്വോപരി മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാനപരമായ മാന്യതക്കും ആയിരുന്നു എന്നുള്ളതാണ്.

ഇത്തരത്തിലാണ് ലോവീന അനാമാന്യ ധൈര്യവും ആർജവവുമുള്ള ഒരു ദലിത് നായികയായി മാറുന്നതും അത്തരത്തിൽ തന്നെ ഓർമ്മിക്കപ്പെടാൻ അർഹയാവുന്നതും.

ഈ കുറിപ്പ് തയ്യാറാക്കിയ എൻ. ശരവണൻ അടുത്തിടെ ശ്രീലങ്കയിലെ ദലിതരെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. അവരുമായി ഈ ഈമെയി വിലാസം വഴി ബന്ധപ്പെടാവന്നതാണ്: nsarawanan@gmail.com.

ഒരു ദലിതൻ്റെ ദർശനങ്ങൾ

--

--

Dalit History Month

Redefining the History of the Subcontinent through a Dalit lens. Participatory Community History Project