ശ്വേത: വെറുപ്പിനെ അധിജീവിച്ച ഭിന്നലിംഗക്കാരി, ചുവടുവെച്ച് മുന്നോട്ട്

By Priya N. Translation from English to Malayalam by M.Gautam

“കരഗം (കരഗാട്ടം എന്ന തമിഴ് നാടോടി നൃത്തരൂപം) ആണ് എന്റെ ജീവിതം”, അവ‌ൾ ആവേശത്തോടെ പറഞ്ഞു, “സ്വന്തമായി ഒന്നുമില്ലാതിരുന്ന, ആരോരും കൂടെയില്ലാതിരുന്ന ഒരു സമയത്ത് എന്റെ കൂടെയുണ്ടായിരുന്നത് അത് മാത്രമായിരുന്നു. ഞാന്‍ എന്നും ആദ്യം ഒരു ഒരു ന‌ർത്തകി തന്നെ ആയിരിക്കും.” തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ ഭിന്നലിംഗക്കാരിയായ ഫാ‌ർമസിസ്റ്റ് ശ്വേത കളിയും ശാന്തിയും കഥാ‌‌ർസിസും കണ്ടെത്തുന്നത് നൃത്തത്തിലാണ്.

ഒരു ഫാർമസിസ്റ്റ് ആവാനുള്ള പഠനവും തുടർന്ന് തോഴിലിൽ പ്രാദത്ഭ്യം തെളിയിക്കാനുള്ള ശ്രമങ്ങളും ശ്വതയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. തമിഴ്നാട്ടിൽ ജാതീയമായ അടിച്ചമർത്തലുകൾ ഇന്നും ശക്തമായി നിലനിൽക്കുന്ന ഒരു പ്രദേശത്താണ് അവൾ വള‌ർന്നത്. പ്രശസ്ഥനായ ദളിത് നേതാവ് ഇമ്മാനുവൽ ശേഖരൻ കോലചെയ്യപ്പെട്ടത് അവളുടെ ഗ്രാമത്തിൽ നിന്നും അധികം ദൂരെയല്ല. ‌

അടിമത്വത്തിനും ൂലിത്തൊഴിലിനും നിർബദ്ധിതരായിരുന്ന ഈ പ്രദേശത്തെ ദലിതരുടെ ജീവിതം ഭൂപ്രഭുക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ശ്വേതയുടെ മാതാപിതാക്കളും തോഴിലാളി വ‍ർഗ്ഗത്തിൽ നിന്നുള്ളവരായിരുന്നു. തമിഴ്നാട്ടിലെ ശക്തമായ വേനൽചൂടിലും റോഡിൽ ടാറു വിരിച്ചുകൊണ്ടിരുന്നു അച്ഛൻ. വീട്ടുപണിയോടൊപ്പം പാടത്തേയും കാട്ടിലേയും പണി തേടിപ്പോയി അമ്മ. അവരുടെ പ്രതീക്ഷയും സ്വപ്നങ്ങളും മുഴുവൻ ശ്വേതയിലായിരുന്നു. ശ്വതയെ പഠിപ്പിച്ച് ഗ്രാമത്തിനു പുറത്തേക്ക് പറഞ്ഞയക്കാനും അതിലൂടെ കുടുംബത്തിന് ഒരു മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാനുമായി എന്തും ചെയ്യാൻ അവ‍ർ സന്നദ്ധരായിരുന്നു.

ആ പരിശ്രമത്തിന്റെ ആദ്യ പടിയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പഠിത്തത്തിൽ മിടുക്കിയായിരുന്ന ശ്വേത പരീക്ഷകളിൽ ഉയർന്ന മാർക്കും വാങ്ങുമായിരുന്നു. എന്നാൽ ഒരു ഭിന്നലിംഗക്കാരിയായ വിദ്യാർത്ഥിയായിരിക്കുക എളുപ്പമായിരുന്നില്ല. ഹിംസാത്മകമായ വഴക്കുകളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഉപായമെന്ന നിലക്ക് അടുത്തുപുറത്തുള്ള ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും പല സ്കൂളുകളിലും മാറി മാറിയായിരുന്നു ശ്വതയുടെ പഠനം മുന്നോട്ടു പോയത്.

വളരേ നല്ല മാർക്കോടെ പന്ത്രണ്ടാം തരം പാസ്സായെങ്കിലും അതിനു ശേഷം എന്തു ചെയ്യണമെന്ന് ശ്വേതയുടെ കുടുംബത്തിൽ ആർക്കും അറിയുമായിരുന്നില്ല. കോളേജിൽ മികച്ച കോഴ്സുകൾക്ക് ശ്വേത യോഗ്യത നേടിയിട്ടുണ്ടെന്ന് അവ‍‌ർക്ക് മനസ്സിലായെങ്കിലും എന്ത് പഠിക്കും? ഗ്രാമത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ സാധ്യതകളെപ്പറ്റി അറിയാമായിരുന്നത് തങ്ങളുടെ മക്കളെ കോളേജിൽ അയച്ചു പഠിപ്പിച്ചിരുന്ന ഭൂപ്രഭുക്കൾക്കു മാത്രമായിരുന്നു. പക്ഷെ ശ്വേതയേയോ കുടുംബത്തേയോ സഹായിക്കാൻ അവർ ഒരുക്കമായിരുന്നില്ല. എന്തിന് ശ്വതയുടേതു പോലുള്ള ദലിത് കുടുംബങ്ങളോട് വിദ്വേഷവും ഉയർന്നു വന്നിരുന്നു. അത്രയും നാൾ ഭൂപ്രഭുക്കൾക്കുവേണ്ടി പണിയെടുത്തു കൊണ്ടിരുന്നവർ ഈ പുതിയ കാലത്ത് വിദ്യാഭ്യാം നേടി മൂന്നേറി അവർക്കോപ്പമെത്തിക്കൊണ്ടിരുന്നു. സാമൂഹിക-സാമ്പത്തിക ഘടനയിലുണ്ടയിക്കോണ്ടിരുന്ന ഈ മാറ്റം അംഗീകരിക്കാൻ തയ്യാറല്ലാതിരുന്ന അവർ ഹിംസാത്മകമായ പകവീട്ടലുകൾക്കു പോലും മുതിർന്നു.

ശ്വേതക്ക് അഞ്ചോ ആറോ വയസ് പ്രായമുള്ളപ്പോൾ മേൽജാതിക്കാരനായ ഭൂവുടമ അവളെ വിളിച്ചുവരുത്തിയിരുന്നത് അവൾ ഓർത്തെടുക്കുന്നു. എന്തെങ്കിലും ചില്ലറ പണിക്കാണെന്ന പേരിലായിരുന്നു വിളിച്ചു വരുത്തിയിരുന്നതെങ്കിലും അയാൾ ശ്വേതയെ ലൈംഗീകമായി ചൂഷണം ചെയ്യുമായിരുന്നു. “പുറത്തുപറയാൻ തക്കമായ ഒരു ഭാഷ പോലും സ്വന്തമായി ഉണ്ടായിരുന്നില്ല” അവൾ പറയുന്നു. “ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ അതു തടയാൻ എന്റെ കുടുംബത്തിന് എന്തു ചെയ്യാൻ പറ്റുമായിരുന്നു? ആ നാളുകളിൽ ഞങ്ങൾ അവരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ വിധിയുംമുഴുവൻ, ജീവിതവും മരണവുമെല്ലാം, അവരുടെ കയ്കളിലായിരുന്നു. അവരാകട്ടെ ആ ചീഞ്ഞളിഞ്ഞ അധികാരം ആസ്വദിച്ചുകൊണ്ടിരുന്നു. പക്ഷെ എനിക്ക് ഫാ‍‍‍ർമസി കോളെജിൽ അഡ്മിഷൻ കിട്ടി എന്നറിഞ്ഞപ്പോൾ അവരുടെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു- അയാളുടെയും, മക്കളുടേയും, എല്ലാം. അത് അവളുടെ അധികാരം അവസാനിച്ചതിന്റെ സൂചനയായിരുന്നു” ശ്വേത ഒരു പുഞ്ചിരിയോടെ പറഞ്ഞു.

തെങ്കാശിയിലെ ഒരു ഫാ‍ർമസി കോളെജിൽ പോയി പഠിക്കാൻ ശ്വേത തയ്യാറെടുത്തു തുടങ്ങി. പതിവു പോലെ പഠനത്തിൽ ശ്വേത മിടുക്ക് കാട്ടിയെങ്കിലും അവളുടെ ലിംഗപരമായ ആവിഷ്കാരങ്ങൾ മൂലമുള്ള ഉപദ്രവങ്ങൾ ശക്തമായിരുന്നു. റാഗ്ഗിംഗിന്റെ പേരിൽ ഭിന്നലിംഗക്കാരോടുള്ള അതികഠിനമായ വെറുപ്പും വിദ്വേഷവും സഹപാഠികൾ പുറത്തെടുത്തു. “എല്ലാ ദിവസവും ഒരു തരം പീഢനമായിരുന്നു”, ശ്വേത ഓർക്കുന്നു, “ആൺകുട്ടികളോടൊപ്പമുള്ള ഹോസ്റ്റലിലെ ജീവിതം ദുസ്സഹമായിരുന്നു. ആൺകുട്ടികൾ ആരുമില്ലാത്ത ഒഴിഞ്ഞ ഒരു കുളിമുറി കിട്ടാനില്ലായിരുന്നു. കോച്ചുകോച്ചു കാര്യങ്ങൾ പോലും സങ്കീർണ്ണമായി. എനിക്ക് എങ്ങനെയെങ്കിലും ആ ഹോസ്റ്റലിൽ നിന്ന് ഒഴിഞ്ഞു പോയാൽ മതിയെന്നായി. എന്റെ ലൈംഗികത്വം ആയിരുന്നു ഒരു പ്രശ്നം. മാത്രമല്ല ദലിതരോ ആദിവാസികളോ ആയ വേറെ ആരും തന്നെ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നുമില്ല. മിക്കവാറും ആദിവാസി, ദലിത് കുട്ടികളും ദിവസവും വീട്ടിൽ പോയിവരുന്നവരായിരുന്നു. ഹോസ്റ്റലിൽ ഉള്ളവരാകട്ടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. അവരിൽ മിക്കവരും അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവും, സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ഭിന്നലിംഗക്കാരോട് അങ്ങേയറ്റം വെറുപ്പ് വെച്ചുപുലർത്തുന്നവരുമായിരുന്നു. എനിക്ക് വളരേ അധികം പരാജയപ്പെട്ടവളായും അപമാനിക്കപ്പെട്ടവളായും ഒറ്റപ്പെട്ടവളായും അനുഭവപ്പെട്ടു.”

ഈ പ്രശ്നങ്ങൾക്കെല്ലാം പുറമെ അതുവരെ തമിഴ് മീഡിയത്തിൽ പഠിച്ച ശ്വേതക്ക് ഒരു പുതിയ ഭാഷയിൽ പഠനം തുടരേണ്ടതായും വന്നു- ഇംഗ്ലീഷ്! “ക്ലാസിൽ പറഞ്ഞിരുന്നതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. അത്രയേറെ ശ്രദ്ധിച്ചിട്ടും എത്രകുറച്ചു മാത്രമാണ് മനസ്സിലാക്കാൻ സാധിച്ചിരുന്നത് എന്നത് അവിശ്വസനീയമായിരുന്നു. മൊത്തത്തിൽ, ഞാൻ ക്ലാസ്സിൽ നിന്ന് ഒന്നും പഠിച്ചില്ല. ആവശ്യത്തിലേറെ സമയവും പ്രയത്നവും ചിലവിട്ടിട്ടും ആദ്യത്തെ സെമസ്റ്ററിലെ ആറു കോഴ്സുകളിൽ മൂന്നെണ്ണത്തിൽ മാത്രമേ എനിക്ക് ജയിക്കാനായുള്ളൂ.”

വീട്ടുകാർക്ക് ഈ വാർത്ത തീർത്തും അപ്രതീക്ഷിതമായിരുന്നു. ശ്വേത ഒരിക്കലും ഒരു ക്ലാസിലും ഒരു വിഷയത്തിലും പരാജയപ്പെട്ടിരുന്നില്ല. മറിച്ച് എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും എല്ലായ്പ്പോഴും സ്കൂളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു ശ്വേത. ആകുലപ്പെട്ടെങ്കിലും ശ്വേതയുടെ അച്ഛൻ എല്ലാം ശരിയാകുമെന്ന് അവളെ സമാധാനിപ്പിച്ചു. പരിജയമില്ലാത്ത സ്ഥലവും കോളെജ് ജീവിതത്തിന്റെ തുടക്കവുമായതിനാൽ ഇതെല്ലാം സാധാരണമാണെന്നും, ഓർത്ത് വിഷമിക്കരുതെന്നും ആവളെ ആശ്വസിപ്പിച്ചു. വീട്ടിലും ഗ്രാമത്തിലുമുള്ളവരെല്ലാം ശ്വതയുടെ നേട്ടത്തിൽ എത്രയേറെ അഭിമാനം കൊള്ളുന്നുണ്ടെന്ന് അച്ഛൻ അവളെ ഓർമ്മിപ്പിച്ചു. വൈദ്യശാസ്ത്ര സംബന്ധമായ എന്തോ ആണ് ശ്വേത പഠിക്കുന്നതെന്ന് മാത്രം മനസ്സിലാക്കിയ ഗ്രാമത്തിലുള്ളവരെല്ലാം അവളെ ഡോക്ടറെന്ന് വിളിക്കാൻ തുടങ്ങിയിരുന്നു. അവരെല്ലാം അവൾക്ക് ധൈര്യം പകർന്നു.

എല്ലാവരും അവളിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ തിരിച്ചറിഞ്ഞ ശ്വേത തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കുമെന്ന ദൃനിശ്ചയത്തോടെ ഹോസ്റ്റൽ ഉപേക്ഷിച്ച് പുറത്ത് പട്ടണത്തിൽ ഒരു മുറിയെടുത്ത് ആങ്ങോട്ട് മാറിത്താമസിക്കാൻ തീരുമാനിച്ചു. കൂടെ താമസിച്ചിരുന്നവരുടെ വിവേചനപരമായ പെരുമാറ്റവും ഭിന്നലിംഗക്കാരോടുള്ള വെറുപ്പും തൂടർന്നും അനുഭവിക്കേണ്ടി വന്നെങ്കിലും ഹോസ്റ്റലിനെ അപേക്ഷിച്ച് സ്ഥിതി അല്പം മെച്ചമായിരുന്നു. എല്ലാ വിഷയത്തിലും വിജയിച്ച് പഠനം പൂർത്തിയാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അങ്ങനെ അവസാനം അവളൊരു ഫാർമസിസ്റ്റായി!

ഇനി ശ്വേതക്ക് ഒരു തൊഴിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ അവളുടെ ലൈഗീക ആവിഷ്കാരങ്ങൾ സംബന്ധിച്ച പ്രതിസന്ധികൾ കൂടുതൽ സങ്കീർണ്ണമായിക്കോണ്ടിരുന്നു. മറ്റു തിരുനങ്കൈകളെ(ഭിന്നലിംഗക്കാരികൾ) പരിചയപ്പെടാനും ശസ്ത്രക്രിയ നടത്തി ഒരു സ്ത്രീയായി സമൂഹത്തിനു മുന്നിൽ വരാനും അംഗീകരിക്കപ്പെടാനും അവൾ അതിയായി ആഗ്രഹിച്ചു. എന്നാൽ ഈ സന്ദർഭത്തെ വ്യത്യസ്ഥമായി സമീപിച്ച മാതാപിതാക്കളോട് ഇത് പറയൻ അവൾ ഭയപ്പെട്ടു. തങ്ങളുടെ പ്രതീക്ഷക്ക് മുഴുവൻ പാത്രമായിരുന്ന മകൻ ഇനി ഒരു തൊഴിൽ കണ്ടെത്തി കുടുംബത്തെ സഹായിക്കുമെന്ന് അവർ കരുതി.

തന്റെ മേൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകളുടെ ഭാരം താങ്ങാനാവാതെ അവൾ വീട്ടിൽ നിന്ന് ഓടിപ്പോയി ആടുത്തുള്ള ഒരു തിരുനങ്കൈകളുടെ സംഘത്തിൽ ചേർന്നു. അവിടെ അവർ ശ്വേതയെ ആടയാഭരണങ്ങളും ചമയങ്ങളും അണിയിച്ചു. ഭിന്നലിംഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സ്ഥാപനത്തിൽ ജോലി കണ്ടെത്താനും അവൾക്ക് കഴിഞ്ഞു. പക്ഷെ ദിവസവേതനം കേവലം 150 രൂപ മാത്രമായിരുന്നു. ഈ വരുമാനം കൊണ്ട് ശസ്ത്രക്രിയക്കു വേണ്ട പണം കണ്ടെത്താൻ കഴിയില്ലെന്ന് അവൾ തിരിച്ചറിയുകയായിരുന്നു.

മറ്റു വഴികൾ തേടിയ ശ്വേത അവനാസനം ചെന്നൈയിലെ ഒരു അപ്പോളോ ഫാർമസിയിൽ ജോലിക്ക് ചേർന്നു. അവിടേയും മാനേജരുടേയും ഇടപാടുകാരുടേയും വിവേചനങ്ങൾക്കും പീഡനങ്ങൾക്കും അവൾ ദിവസേന വിധേയയായി. പന്ത്രണ്ട് പുരുഷന്മാരോടൊപ്പം ഒരു റൂമിൽ താമസിക്കേണ്ടി വന്ന ശ്വേതക്ക് അവിടെ ലൈഗീക അതിക്രമങ്ങളും ഭിന്നലിംഗക്കാരോടുള്ള വിദ്വേഷവും നേരിടേണ്ടി വന്നു.

ഒടുവിൽ സഹിക്കാനാവാതായപ്പോൾ തന്നെ ഏറ്റവും ആവേശം കൊള്ളിച്ചിരുന്ന ഒന്നിലേക്ക് ശ്വേത കടന്നുചെന്നു- കരഗാട്ടം. ഗ്രാമത്തിൽ നിറഞ്ഞ ആഹ്ലാദത്തോടെ കരഗാട്ടം കണ്ടുനിൽക്കാറുള്ളത് അവൾ ഓർക്കുന്നു “ഒരു അവസരം പോലും പാഴാക്കാതെ എല്ലാ പ്രകടനവും ഞാൻ കാണും. പിന്നെ എല്ലാ സ്റ്റെപ്പും അതുപോലെ പകർത്തി സ്വയം നൃത്തം ചെയ്യും. എനിക്ക് ഈ നൃത്തരൂപം ഒരുപാട് ഇഷ്ടമാണ്. നൃത്തം ചെയ്യുമ്പോൾ ഞാൻ അതിൽ സ്വയം മറക്കും”. ഒരു നൃത്തപ്രകടനത്തിന് മൂവായിരം രൂപ വരെ കിട്ടുമെന്ന് മനസ്സിലാക്കിയപ്പോൾ കരഗത്തിൽ ഒരു കൈ നോക്കാൻ തന്നെ അവൾ തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും അവൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമായിരിക്കും അവൾ ചെയ്യുന്നത്.

പതിയെ ദക്ഷിണ തമിഴ്നാട്ടിലെ കരഗം പ്രകടനങ്ങളിൽ സുപരിചിതമായ ഒരു പേരായി മാറുകയായിരുന്നു ശ്വേതയുടേത്. കരഗത്തിലൂടെ സ്വന്തം സാമ്പത്തിക ഭദ്രതയും അവൾ മെല്ലെ ഉറപ്പിച്ചു. സ്വന്തമായി ഒരു വീടിനായും, സ്റ്റൗ, ഫാൻ പോലുള്ള വീട്ടുപകരണങ്ങൾക്കായും, ശസ്ത്രക്രിയക്കായും ഓരോരോ പൈസയായി അവൾ സ്വരുക്കൂട്ടി.

“കരഗാട്ടത്തിന്റെ കാഴ്ച്ചക്കാരിലും ജാതി പ്രകടമാണ്”, ശ്വേത പറയുന്നു. “തേവർ ജാതിയിൽപ്പെട്ട പ്രേക്ഷകരെ കൂടുതൽ ഭയക്കണം. അവർ അപകടകാരികളാണ്. ഞങ്ങൾ കലാകാരന്മാരോട് മോശമായാണ് പെരുമാറുക. തുണി മാറാൻ പോലും ഒരു നല്ല സൗകര്യം ചെയ്തു തരില്ല. അവരുടെ ജാതിയെ സ്തുതിക്കുന്ന പാട്ടുകൾ പാടാൻ നിർബന്ധിക്കുകയും ചെയ്യും. അവർ ചെയ്യുന്ന അതിക്രമങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ അത്തരം പാട്ടുകൾ പാടുന്നത് എന്നെ അസ്വസ്ഥയാക്കും. അതേസമയം ദലിത് പ്രേക്ഷകർ മുഴുകിയിരുന്ന് ആസ്വദിക്കും. ചുവടും താളവുമെല്ലാം അവൾ ശ്രദ്ധിക്കും. അവർ ഞങ്ങൾക്ക് മെച്ചെപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും വേണ്ട ബഹുമാനം തരുകയും ചെയ്യും. പ്രേക്ഷകർ അഭിനന്ദിക്കുകയും ഞങ്ങളെ വെറും ആടുന്ന പാവകൾ മാത്രമായി കാണാതിരിക്കുകയും ചെയ്യുമ്പോൾ കരഗാട്ടം ശരിക്കും രസമാണ്.”

കുറച്ച് നാളുകൾക്കു ശേഷം ശസ്ത്രക്രിയയെ കുറിച്ച് കാര്യമായി ചിന്തിക്കാൻ മാത്രം പൈസ ശ്വേത സ്വരൂപിച്ചു. പക്ഷെ തയ്യാറെടുപ്പുകളുടെ ഭാമായി രക്തം പരിശോധിപ്പോളാണ് ആ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ശ്വേത എച്ച്. ഐ. വി പോസറ്റീവ് ആണെന്ന് ഡോക്ടർമാർ അവളെ അറിയിച്ചു. ആ വാർത്ത ആവളെ പൂർണ്ണമായും തകർത്തു കളഞ്ഞു. ശ്വത അതു വിശ്വാസിക്കാൻ പ്രയാസപ്പെട്ടു. ആവൾ ഒറ്റപ്പെടലിന്റേയും വിഷാദത്തിന്റേയും പടുകുഴിയിലേക്ക് ചുരുട്ടിയെറിയപ്പെട്ടു. അങ്ങനെ തീർത്തും ഇരുളടഞ്ഞ ഒരു അവസ്ഥയിലാണ് അവൾ തന്റെ തിരുമങ്കൈ മാതാവ് ഗ്രേസ് ബാനുവിനെ കണ്ടുമുട്ടുന്നത്.

ആ അവസ്ഥയിൽ അവൾക്കൊരു താങ്ങാവാൻ ഗ്രേസ് തയ്യാറായി. പ്രത്യേകിച്ചും മാനസികമായ പിന്തുണ നൽകാൻ. ഗ്രേസിന്റെ സഹായത്തോടെ ശസ്ത്രക്രിയ സഫലമാക്കാനും തമിഴ്നാട് എയ്ഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാർമസിസ്റ്റായുള്ള ജോലിയിൽ പ്രവേശിക്കാനും അവൾക്ക് സാധിച്ചു. തന്റെ ഭിന്നലിംഗക്കാരായ ദലിത് സമുദായത്തിന്റെ സഹായത്തോടെയാണ് ശ്വേതക്ക് സുഖപ്പെടാനും ഈ ജോലി നേടാനും സാധിച്ചത്.

“മരുന്നിനായി വരുന്ന രോഗികളോട് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെ ഹൃദ്യമായും ദയാപൂർവ്വവുമാണ് എപ്പോഴും ഇടപഴകുക. അവരിൽ ഒരുപാടു പേർ എച്ച്. ഐ. വി പോസിറ്റീവ് ആയിട്ടുള്ളവരും തോട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്നവരുമാണ്. അവർക്കത് ഒരു സുഖകരമായ അനുഭവമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. എയ്ഡ്സ് സ്പർശനത്തിലൂടെയോ മറ്റു നിരുപദ്രവകരമായ ഇടപെടലുകളിലൂടെയോ പകരുന്നതല്ലെന്നും നമ്മൾ എല്ലാവരോടും മനുഷ്യന്മാരായി തന്നെ കണക്കാക്കി പെരുമാറണമെന്നും ആവരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും. പിന്നെ മരുന്നും കരുതലും ഉണ്ടെങ്കിൽ പേടിക്കാനൊന്നുമില്ലെന്നും.” ശ്വേത പറയുന്നു.

ഇപ്പോൾ ആവൾ വീണ്ടും നൃത്തം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സമയമുള്ളപ്പോഴെല്ലാം ഒരു രസത്തിനുവേണ്ടി നൃത്തം ചെയ്യുന്നത് അവളെ ശാന്തയായിരിക്കാൻ സഹായിക്കുന്നു.

ജാതിയിലധിഷ്ടിതമായ ജന്മിത്തത്തേയും, സമ്പത്തിലധിഷ്ടിതമായ വിവേചനങ്ങളേയും, ബാലപീഡനങ്ങളേയും, ഉന്നതവിദ്യാഭ്യാസരംഗത്തെ അസമത്വത്തേയും, ഭിന്നലിംഗക്കാരോടുള്ള വെറുപ്പിനേയും, എയ്ഡ്സിനേയും നേരിടേണ്ടി വന്ന ഒരു ദലിത് അതിജീവനത്തിന്റെ കഥയാണിത്. ഇതിനെല്ലാം ശ്വേതക്ക് ശക്തി നൽകിയ നൃത്തത്തിലൂടെ അവൾ കണ്ടെത്തിയ ഉല്പതിഷ്ണുതയും, കരുണയും സ്നേഹവും നിറഞ്ഞ ഇടപെടലുകളും, പിന്തുണ നൽകിയ സമുദായവവും നമ്മൾ ഇതുവരെ കേട്ടിട്ടുള്ള പ്രചോദനം നിറഞ്ഞ കഥകളിലൊന്നായി ഇതിനെ അടയാളപ്പെടുത്തുന്നു.

നന്ദി, ശ്വേത! അഭിവാദ്യങ്ങൾ! ജയ് ഭീം!

പരാമർശങ്ങൾ:

ഈ ലേഖനം ശ്വതയുമായി വാമൊഴിയായി നടത്തിയ അഭിമുഖത്തെ ആധാരമാക്കിയുള്ളതാണ്. ശ്വേതയുടെ ജീവിതവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അവരുടെ അറിവോടെയും സമ്മതത്തോടെയുമാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

Redefining the History of the Subcontinent through a Dalit lens. Participatory Community History Project

Redefining the History of the Subcontinent through a Dalit lens. Participatory Community History Project