ജയ് ബായ് ചൗധരി: ഒരു നവോത്ഥാന വിദ്യാഭ്യാസ നായികയെ അനുസ്മരിക്കുമ്പോള്‍
Translation from English and Hindi to Malayalam for #DalitHistoryMonth by M.Gautham. You can find DHM’s English piece here.
Streekal-നു വേണ്ടി അനിത ഭാരതി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തെ ആധാരമാക്കി അവര്‍ തന്നെ അനുരൂപപ്പെടുത്തിയ കുറിപ്പിന്‍റെ വിവര്‍ത്തനാമാണ് ഈ പോസ്റ്റ്. ഹിന്ദി സാഹിത്യത്തില്‍ അത്യുന്നത പദവി അലങ്കരിക്കുന്ന ഒരു എഴുത്തുകാരിയാണ് അനിത ഭാരതി. അറിയപ്പെടുന്ന ഒരു കവിയും എഴുത്തുകാരിയും, അതിനോടൊപ്പം തന്നെ ദശാബ്ദങ്ങളായി ജാതിവിരുദ്ധ പ്രസ്ഥാനത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകയും കൂടിയാണ് ഇവര്‍. സമകാലീന്‍ നാരീവാദ് ഔര്‍ ദലിദ് സ്ത്രീ കാ പ്രതിരോധ് (സമകാലീന സ്ത്രീസമത്വവാദവും ദലിത് സ്ത്രീകളുടെ പ്രതിരോധവും), ഗബ്ദു രാം വാല്‍മീകിയുടെ ജീവചരിത്രം, രുക്സാന കാ ഘര്‍ (രുക്സാനയുടെ വീട്), യതാസ്തിതി സെ ടകരാതേ ഹുവെ (യാഥാസ്തിതികതയോടുള്ള കലാപം): ഒരു ദലിത് സ്ത്രീയുടെ കഥകളുടേയും കവിതകളുടേയും വിമര്‍ശനങ്ങളുടേയും സമാഹാരം തുടങ്ങിയ പുസ്തകങ്ങളിലൂടെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സാവിത്രി ഭായ് ഫൂലെയുടെ തിരഞ്ഞെടുത്ത കവിതകളുടേയും എഴുത്തുകളുടേയും ഹിന്ദി വിവര്‍ത്തനവും അനിത ഭാരതിയുടേതായിട്ടുണ്ട്.
അനിത ഭാരതിയുമായി ബന്ധപ്പെടുന്നതിന്: anita.bharti@gmail.com.
— — — — — — — —
ദലിത് പ്രസ്താനത്തിന്‍റെ ശക്തയും വിപ്ലവകാരിയുമായ ഒരു നേതാവായിരുന്നു ജയ് ബായ് ചൗധരി. മഹര്‍ സമുദായത്തിലെ ഒരു കുടുംബത്തില്‍ ജനിച്ച ഇവര്‍ ദലിത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലകൊണ്ടു. ദലിത് സമൂഹത്തില്‍ നിന്നുള്ള ആദ്യ പ്രധാനാദ്ധ്യാപികമാരില്‍ ഒരാളായിരുന്ന ഇവർ പെണ്‍കുട്ടികള്‍ക്കുവേണ്ടി ചോക്കാമേല കന്യാ പാഠശാല (ചോക്കാമേല ബാലികാ പാഠശാല) സ്ഥാപിച്ചു. സാവിത്രീഭായ് ഫൂലേയും ബാബാസാഹേബ് അംബേദ്കറും തുടങ്ങിവെച്ച വിജ്ഞാന നിര്‍മ്മിതിയുടേയും പ്രചരണത്തന്‍റേയും പാതയിലൂടേയാണ് ഇവരും മുന്നോട്ട് സഞ്ചരിച്ചത്. എന്നാല്‍ അധികം അറിയപ്പെടാതെ പോയ ജയ് ബായ് ചൗധരിയുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രചാരം നല്‍കാനാണ് Dalit History Month-ന്‍റെ പരിശ്രമം.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഉമ്രദില്‍ 1892 മെയ് 2നാണ് ജയ് ഭായ് ചൗധരിയുടെ ജനനം. 1896-ലെ ക്ഷാമത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ജയ് ബായിയുടെ മാതാപിതാക്കള്‍ അതിജീവനത്തിനായി തോഴിലന്വേഷിച്ച് അവരേയും കൂട്ടി നാഗ്പൂരിലെത്തി. വളരെ കഷ്ടപെട്ടിട്ടാണെങ്കിലും അവിടെ വച്ച് അവര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒന്‍പതാം വയസില്‍ അവരെ ബാപുജി ചൗദരിക്ക് വിവാഹം ചെയ്തു കൊടുത്തു. സാമ്പത്തികമായി പ്രയാസത്തിലായിരുന്ന ഇണയുടെ കുടുബത്തെ സഹായിക്കാനായി അവര്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതോഴിലാളിയായി. സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ ജയ് ബായ് നാഗ്പൂര്‍ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെയുള്ള കാംഠി സ്റ്റേഷനിലേക്കും തിരിച്ചും യാത്രക്കാരുടെ ഭാരമേറിയ ചുമടും താങ്ങി നടന്നു. അങ്ങനെ ചുമടുമേന്തിയുള്ള നടത്തത്തിനിടെ ആകസ്മികമായി അവരെ ശ്രദ്ധിച്ച മിസ്സ് ഗ്രിഗറി എന്ന ഒരു പ്രാദേശിക മിഷണറി പ്രവര്‍ത്തക ജയ് ബായിയെ പരിചയപ്പെട്ടു. ജയ് ബായിയുടെ അറിവില്‍ മതിപ്പു തോന്നിയ അവര്‍, ജയ് ബായിക്ക് ചെറിയ കുട്ടികളെ പഠിപ്പിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസം ഉണ്ടെന്നു തിരിച്ചറിയുകയും അരെ സഹായിക്കാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജയ് ബായിയെ തിംകിയിലെ മിഷണറി വിദ്യാലയത്തില്‍ അധ്യാപികയായി നിയമിച്ചു. നാലു രൂപയായിരുന്നു പ്രതിമാസശംബളം.
അധ്യാപിക ‘തൊട്ടുകൂടാത്ത’ ഒരു സമുദായത്തില്‍ നിന്നാണെന്നറിഞ്ഞ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ പള്ളിക്കൂടത്തിലേക്ക് അയക്കാതായതോടെ ജയ് ബായിക്ക് ആ തോഴിലില്‍ തുടരാനായില്ല. എന്നാല്‍ ഈ സംഭവം ജയ് ബായിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. ജാതിയമായ സാമൂഹിക തിന്മകള്‍ക്കും തൊട്ടുകൂടായ്മക്കും എതിരെ നേര്‍ക്കുനേര്‍ പോരാടാന്‍ അന്നവര്‍ തീരുമാനിച്ചു. വിദ്യാഭ്യാസം ജാതീയമായ അടിച്ചമര്‍ത്തലുകളെ നേരിടാനുതകുന്ന ശക്തമായ ഒരു ആയുധമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്‍റെ സമുദായത്തിലെ തോട്ടുകൂടായ്മ അനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചു. വിദ്യാഭ്യാസത്തിലൂടെ അവര്‍ക്ക് അന്തസ്സുള്ള ഒരു ജീവിതം ഉറപ്പുവരുത്താമെന്ന് ജയ് ബായ് വിശ്വസിച്ചു. വീടുവീടാന്തരം കയറിയിറങ്ങിയ അവര്‍ മാതാപിതാക്കളോട് കുട്ടികളെ പള്ളിക്കൂടത്തിലേക്ക് അയക്കാന്‍ പ്രോത്സാഹിപ്പിച്ചു. ‘തൊട്ടുകൂടാ സമുദായത്തില്‍’ നിന്നുള്ള സന്യാസിയായിരുന്ന ചൊക്കമേലയുടെ പേരില്‍ 1922ല്‍ ചൊക്കമേല കന്യാ പാഠശാല എന്ന വിദ്യാലയം അവര്‍ സ്ഥാപിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്നും നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് ഇപ്പോള്‍ മേല്‍നോട്ടം നല്‍കുന്നത് ജയ് ബായിയുടെ ചെറുമകനായ സുധാകര്‍ ശ്രാവൺ ചൗദരിയാണ്.
ജയ് ബായിയൂടെ ആത്മസമര്‍പ്പണത്തോടെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ലോകപ്രസിദ്ധ ദലിത് സാഹിത്യകാരി കൗശല്യ ബൈസാന്ധ്രിയുടെ ആത്മകഥയായ ദോഹരാ അഭിശാപ് (ഇരട്ട ശാപങ്ങള്‍-1999) എന്ന കൃതിയിലെ പരാമര്‍ശത്തിലൂടെ അംഗീകരിക്കപ്പെട്ടു. പഠിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകയും സ്വതന്ത്രയായ വ്യക്തിയുമായി മാറുന്നതിന് തന്നെ പ്രോത്സാഹിപ്പിച്ചത് ജയ് ബായിയാണെന്നും അവരതില്‍ എഴുതി.
1930 ലെ അഖില ഭാരതീയ ദളിത് കോണ്‍ഗ്രസിന്‍റെ പ്രഥമ സമ്മേളനത്തില്‍ സംസാരിച്ച ജയ് ബായ് സ്ത്രീപുരുഷ സമത്വത്തിന്‍റെ ആവശ്യകത ശക്തമായി ഊന്നിപ്പറഞ്ഞു. “പെൺകുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള എല്ലാ അവസരങ്ങങ്ങളും ആൺകുട്ടികളെപ്പോലെ തന്നെ നല്കപ്പെടേണ്ടതാണ്. ഒരു പെണ്‍കുട്ടി വിദ്യ അഭ്യസിക്കുന്നതിലൂടെ കുടുംബം മുഴുവന്‍ വിദ്യാഭ്യാസം കരസ്ഥമാക്കുന്നു” എന്ന് ദളിത് സ്ത്രീകളെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് അവര്‍ പ്രസ്താവിച്ചു.
1937 ഡിസംബറില്‍ നടന്ന അഖില ഭാരതീയ മഹിളാ പരിഷദിന്‍റെ സമ്മേളനത്തിലേക്ക് അവര്‍ ക്ഷണിക്കപ്പെട്ടു. അവിടെ വച്ച് നടത്തിപ്പുകാരായിരുന്ന സവര്‍ണ്ണ സ്ത്രീസമത്വവാദികളില്‍ നിന്ന് ജയ് ഭായി വിവേചനം നേരിട്ടു. തീന്‍മേശയില്‍ നിന്ന് അവരെ അകറ്റി ഇരുത്തുകയായിരുന്നു അവർ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച്, അവര്‍ നേരിട്ട ജാതീയ വിവേചനവും അപമാനവും ചോദ്യം ചെയ്യുന്നതിനായി 1938 ജനുവരി 1-ന് ആയിരക്കണക്കിന് ദളിത് സ്ത്രീകൾ പങ്കെടുത്ത ഒരു സമ്മേളനം സംഘടിപ്പിക്കപ്പട്ടു. ഉന്നത കുലജാതരായ വനിതകളില്‍ നിന്ന് തങ്ങള്‍ നേരിടുന്ന ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ അവര്‍ ഒരുമിച്ച് നിലകൊണ്ടു. ഈ സമ്മേളനത്തില്‍ വെച്ച് ജയ് ഭായി ‘മഹിളാ സംഘത്തിന്’ രൂപം നല്‍കുകയും തുടര്‍ന്ന് ഈ സംഘം ദളിത് വനിതകള്‍ക്കായി നിശാപാഠശാല ആരംഭിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ദളിത് സമൂദായത്തിന്‍റെ ഉന്നമനത്തിനായി തന്‍റെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ച ജയ് ബായിയോട് ദളിത് സ്ത്രീ പ്രസ്താനം എക്കാലത്തേക്കും കടപ്പെട്ടിരിക്കും. ജയ് ബായിയെപ്പോലുള്ള അനേകം സ്ത്രീകളുടെ വര്‍ഷങ്ങളോളം നീണ്ട പ്രവര്‍ത്തന ഫലമാണ് ഇന്നത്തെ മഹാരാഷ്ട്രയിലെ കരുത്തുറ്റ ദളിത് സ്ത്രീ പ്രസ്താനവും അനീതിക്കും, ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ വിദ്യാഭ്യാസത്തിന്‍റേ പ്രധാന്യത്തില്‍ ഊന്നിയുള്ള അതിന്‍റെ ശക്തമായ നിലപാടുകളും. അനീതിയും, അടിച്ചമര്‍ത്തലുകളും, നിരക്ഷരതയും നിലനില്‍ക്കുന്നിടത്തോളം കാലം ജയ് ബായിയും അവരുടെ പോരാട്ടങ്ങളും നമ്മുടെയെല്ലാം ജീവതത്തിനും സംഘര്‍ഷങ്ങള്‍ക്കും ശക്തി പകര്‍ന്നുകൊണ്ട് ജ്വലിച്ചുകോണ്ടേയിരിക്കും.